തിരുവനന്തപുരം: പരമ്പരാഗത രീതികളിൽനിന്ന് മാറി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കേരളം ഒരുങ്ങുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 1991-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് സമാനമായ മാറ്റങ്ങളാണ് സംസ്ഥാനത്ത് ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യാ ടുഡേ റൗണ്ട് ടേബിൾ കേരളം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത രീതികളിൽനിന്ന് മാറി പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന നിർദേശത്തോട് താൻ യോജിക്കുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
മാറ്റങ്ങൾ കൊണ്ടുവരാൻ സംസ്ഥാനം വൈകിയെങ്കിലും ഇനിയും സമയമുണ്ടെന്നും പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ ഇതിൽ പരാജയപ്പെട്ടാൽ ഭാവിയിൽ കേരളം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതുചെലവ്, അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപം, ഭരണപരിഷ്കാരം എന്നിവ സംയോജിപ്പിച്ചുള്ള കാഴ്ചപ്പാടാണ് സർക്കാരിന്റേത്. കേരളത്തിന്റെ പരിമിതികളും സാമ്പത്തിക നേട്ടങ്ങളും വിലയിരുത്തിയാണ് ഈ സമീപനം രൂപീകരിച്ചിരിക്കുന്നത്.
പശ്ചിമഘട്ടം, വനനിയമങ്ങൾ, നെൽവയൽ സംരക്ഷണ നിയമങ്ങൾ, തീരദേശ പരിപാലന നിയമങ്ങൾ എന്നിവ മൂലമുള്ള ഭൂവിനിയോഗ നിയന്ത്രണങ്ങളും ഉയർന്ന ജനസാന്ദ്രതയും വ്യവസായങ്ങൾ ആരംഭിക്കുന്നതിന് തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 600 കിലോമീറ്റർ നീളമുള്ള തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ടെർമിനൽ, 18 മിനി പോർട്ടുകൾ എന്നിവ സംസ്ഥാനത്തിന്റെ പ്രധാന നേട്ടങ്ങളാണ്. ഇവയെല്ലാം സംയോജിപ്പിച്ച് കേരളത്തെ മുഴുവനായി ഒരു ‘പോർട്ട് സിറ്റി’ ആക്കി മാറ്റുകയാണ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.































