കൊച്ചി: ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ വിരമിച്ച ഡെപ്യൂട്ടി കളക്ടറുടെ അറസ്റ്റിൽ വിജിലൻസിന് ഗുരുതര വീഴ്ച. റിട്ട.ഡെപ്യൂട്ടി കളക്ടർ കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59)യെ വിജിലൻസ് കോടതി വിട്ടയച്ചു. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കൃപയെ വിട്ടയച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൃപയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ആദ്യം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ, അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം രേഖകൾ സഹിതം കോടതിയെ സമീപിച്ചു. ഉച്ചയ്ക്ക് 2.45 നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
ഹാജാരാക്കുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ് നോട്ടീസ് വിജിലൻസ് ബന്ധുക്കൾക്ക് കൈമാറിയത്. ഒമ്പത് മിനിറ്റിന്റെ മാത്രം ഇടവേളയിലാണിത്. നിയമപരമായി ഇത് തെറ്റാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് കൃപയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കൃപയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ വിജിലൻസ് ഇതുവരെ അറസ്റ്റിലേക്ക് കടന്നിട്ടില്ല. കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം കണയന്നൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇടനിലക്കാരായി പ്രവർത്തിച്ച എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെയാണ് ഓഗസ്റ്റ് 13-ന് പിടികൂടിയത്. കേസിന്റെ തുടരന്വേഷണത്തിലാണ് റിട്ട. ഡെപ്യൂട്ടി കളക്ടറായ എൻ.കെ. കൃപ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റ് വെള്ളിയാഴ്ച വൈകീട്ട് കൃപയെ അറസ്റ്റ് ചെയ്യുകയായിരുന്നു.































