ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. രണ്ടംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് സംഭവം. ബീഹാറില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയ തട്ടിക്കൊണ്ട് പോകുകയും നിര്‍മാണത്തിലിരുന്ന മാളില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ശനിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പ്രതികൾ കുട്ടിയുടെ തലക്കടിച്ചത്. തലക്കേറ്റ അടിയാണ് മരണകാരണമെന്നും മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നന്ദഗ്രാം എസിപി പ്രിയശ്രീ പാല്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.





























