റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ച ഇരകൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് വ്യാപക പരാതി. പ്രളയത്തിന് ശേഷം വീടുകൾ വൃത്തിയാക്കുന്നതിനും മറ്റുമായി പ്രഖ്യാപിച്ച 10,000 രൂപയുടെ സഹായധനം ആഴ്ചകൾ പിന്നിട്ടിട്ടും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ലെന്ന് വ്യാപക പരാതി ഉയരുന്നു. പ്രളയക്കെടുതിയിൽ വീടുകളിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി വാസയോഗ്യമല്ലാതായതോടെയാണ് കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസമായി 10,000 രൂപ വീതം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ തുക അക്കൗണ്ടുകളിലേക്ക് എത്താതായതോടെ നിർധനരായ പല കുടുംബങ്ങളും ദുരിതത്തിലായിരിക്കുകയാണ്.
ധനസഹായം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും കടം വാങ്ങിയും പലിശയ്ക്ക് പണം എടുത്തും വീടുകളും വ്യാപാര സ്ഥാപനങ്ങളും ശുചീകരിച്ചതും അവശ്യസാധനങ്ങൾ വാങ്ങിയതും. റവന്യൂ വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ സാങ്കേതിക തടസ്സങ്ങളുമാണ് തുക വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിയവർക്ക് വീട്ടുപകരണങ്ങളും മറ്റും വലിയ തോതില്‍ നഷ്ടപ്പെട്ടിരുന്നു. ഓണ വിപണി ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ ഇറക്കിയവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ വലുതാണ്.
ഇതിന്‍റെ ചിത്രങ്ങള്‍ എടുത്തു നല്‍കണമെന്ന അധികൃതരുടെ ആവശ്യം പലരിലും നിരാശ പടര്‍ത്തിയിട്ടുണ്ട്. വെള്ളം കയറി വരുമ്പോള്‍ എങ്ങനെ അത് സാധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. പ്രഖ്യാപിച്ച 10000 രൂപയെങ്കിലും കിട്ടിയാല്‍ അത് വലിയ സഹായം ആകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തര ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാനാണ് ദുരിതബാധിതരുടെ തീരുമാനം. പ്രഖ്യാപനങ്ങൾ വെറും കടലാസിലൊതുങ്ങാതെ അർഹരായ എല്ലാ ഇരകൾക്കും അടിയന്തരമായി ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
































