ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസ വേതനം നല്‍കിയാണെന്ന് ഡല്‍ഹി പോലീസ്. കര്‍ക്കര്‍ദുമ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസിന്‍റെ പരാമര്‍ശം. ശഹീന്‍ബാഗിലും ജാമിയ മിലിയ സര്‍വ്വകലാശാലക്ക് സമീപവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ദിവസ വേതനം നല്‍കിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റാരോപിതര്‍ മതത്തെയും സ്ത്രീത്വത്തെയും മാധ്യമ ശ്രദ്ധയെയും പരിചയായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷന്‍ ഓഫ് ജെ.എം.ഐ പ്രസിഡന്‍റുമായ ഷിഫ-ഉര്‍-റഹ്മാന്‍റെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്. പണമായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സമ്പാദിച്ച തുക വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് ദിവസക്കൂലിയായി നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും വാട്സ് ആപ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നാണ് പോലീസിന്‍റെ അവകാശവാദം.
ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ഏഴാം നമ്പര്‍ ഗേറ്റിനു മുന്നിലെ പ്രതിഷേധസമരത്തിന് അലുമ്‌നി അസോസിയേഷന്‍ ഓഫ് ജെ.എം.ഐ മൈക്ക്, പോസ്റ്റര്‍, ബാനറുകള്‍, കയറുകള്‍ തുടങ്ങിയവ നല്‍കി. പ്രതിഷേധത്തിനായി ബസുകള്‍ വാടകക്കെടുത്ത് നല്‍കിയത് എ.എ.ജെ.എം.ഐ ആണ്. ജാമിയയിലെ ഗേറ്റ് നമ്ബര്‍ 7 ന്റെ മുന്നിലെ പ്രതിഷേധ സ്ഥലത്ത് മാത്രം എ.എ.ജെ.എം.ഐയുടെ ദൈനംദിന ചെലവ് 5,000 മുതല്‍ 10,000 രൂപ വരെയാണെന്നും പോലീസ് പറയുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു.