ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാഹിദ് കപൂര്‍. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താരം. കരിയറിന്റെ തുടക്കകാലത്ത് ഷാഹിദ് കൂടുതലും അഭിനയിച്ചിരുന്നത് ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ കമീനേ, ഹൈദര്‍, ഉഡ്താ പഞ്ചാബ്, കബീര്‍ സിംഗ് തുടങ്ങിയ സിനിമകളിലൂടെ ഷാഹിദ് തന്റെ കരിയറിനെ മാറ്റി മറിക്കുകയായിരുന്നു.
തന്നിലെ നടനെ സംശയത്തോടെ നോക്കിയവരെയെല്ലാം ഷാഹിദ് ഞെട്ടിക്കുന്ന പ്രകടനമാണ് സമീപകാലത്തായി പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.
മിക്ക ബോളിവുഡ് താരങ്ങളെ പോലെ ഷാഹിദിന്റെ ജീവിതത്തിലും പ്രണയങ്ങളും പ്രണയ ഗോസിപ്പുകള്‍ക്കും യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. കരീന കപൂര്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെ ഷാഹിദിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേരുകളാണ്. എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ഡല്‍ഹി സ്വദേശിയായ മീര രജ്പുത്തിനെ ഷാഹിദ് കഴിക്കുകയായിരുന്നു. ആരാധകരുടെ പ്രിയ ജോഡിയാണ് ഷാഹിദും മീരയും.
ഷാഹിദിന്റേയും പങ്കാളിയുടേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇരുവര്‍ക്കുമിടയിലെ സൗഹൃദവും കരുതലുമെല്ലാം ആരാധകര്‍ ഏറെ അഭിനന്ദിക്കുന്നതാണ്. എന്നാല്‍ ഒരുതവണ ഷാഹിദിനെ മീര വീട്ടില്‍ നിന്നും പുറത്താക്കുകയും ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കാന്‍ പറയുകയും ചെയ്തിട്ടുണ്ട്. ഞെട്ടാന്‍ വരട്ടെ. രസകരമായ ആ കഥ അറിയാം.
വിശദമായി വായിക്കാം
നേഹ ധൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍. പത്മാവതിന്റെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു സംഭവം. ഷാഹിദിന്റെ തിരക്കേറിയ ഷെഡ്യൂള്‍ ആയിരുന്നു മീരയെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. സംഭവത്തെക്കുറിച്ച് മീര പറയുന്നത് എന്താണെന്ന് നോക്കാം.
”അദ്ദേഹം വീട്ടിലേക്ക് വരുന്നത് രാവിലെ എട്ട് മണിക്കായിരുന്നു. എന്നിട്ട് ഉറക്കം ഉണരുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കും. എനിക്ക് മനസിലാകും, അദ്ദേഹത്തിന് ഈ സമയത്ത് നല്ല ഉറക്കം വേണമെന്നും അതുകൊണ്ട് വീട്ടില്‍ എപ്പോഴും നിശബ്ദത ഉണ്ടായിരിക്കണമെന്നും. പക്ഷെ മിഷയ്ക്ക് അതറിയില്ലല്ലോ. അവള്‍ ഉറക്കം ഉണര്‍ന്നിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്ന സമയമാണിത്” മീര പറയുന്നു. ”ഷാഹിദ് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് നല്ല ക്ഷീണം ആയിരിക്കുമെന്ന് എനിക്ക് മനസിലായിരുന്നു. അവളെ നിയന്ത്രിക്കാന്‍ പറ്റില്ലെന്നും എനിക്കറിയാം. ഇതോടെയാണ് ഞാന്‍ അദ്ദേഹത്തോട് ഇനിയും ഇത് താങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞത്” മീര കൂട്ടിച്ചേര്‍ക്കുന്നു.
ഭാര്യ പറഞ്ഞത് ഷാഹിദിന് മനസിലായി. പിന്നാലെ താരം വീട്ടില്‍ നിന്നും താമസം മാറുകയായിരുന്നു. തുടര്‍ന്ന് ഗുഡ്ഗാവിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്ന സെറ്റില്‍ നിന്നും വളരെ അടുത്തായിരുന്നു ഹോട്ടല്‍ എന്നതും സൗകര്യമായി. എന്തായാലും ആ കഷ്ടപ്പാടുകള്‍ താരത്തിന് ഫലം ചെയ്തു. പത്മാവത് വന്‍ വിജയമായി മാറുകയും ചെയ്തു. മുന്നൂറ് കോടിയാണ് ചിത്രം നേടിയത്. ഷാഹിദ് നായകനായി എത്തിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആയിരുന്നു ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. രണ്‍വീര്‍ സിംഗായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്.
ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ഷാഹിദ്. ജഴ്‌സിയാണ് ഷാഹിദിന്റെ പുതിയ സിനിമ. തെലുങ്ക് ചിത്രം ജഴ്‌സിയുടെ ഹിന്ദി റീമേക്കാണിത്. ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ഷാഹിദ് അഭിനയിക്കുന്നത്. തെലുങ്കില്‍ നാനിയായിരുന്നു നായകന്‍. കബീര്‍ സിംഗ് ആണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ഒരു വശത്തു നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഷാഹിദിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.