മുംബൈ: പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി എന്‍സിപി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എന്‍സിപിയുടെയും വിശാല പ്രതിപക്ഷത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ നീക്കങ്ങളാണ് ഇവര്‍ നടത്തിയതെന്നും അതു വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്ന അജിത് പവാറിനും എട്ട് എംഎല്‍എല്‍മാര്‍ക്കുമെതിരേ അയോഗ്യതാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്തു നല്‍കിയതായും ശരദ് പവാര്‍ അറിയിച്ചു. നേരത്തെ അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് നരേന്ദ്ര റാത്തോഡ്, വിജയ് ദേശ്മുഖ്, ശിവാജിറാവു ഗാര്‍ജെ എന്നീ മൂന്ന് നേതാക്കളെ എന്‍സിപിയില്‍ നിന്നു പുറത്താക്കിയിരുന്നു
അതേസമയം എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്ന് ജയന്ത് പാട്ടീലിനെ നീക്കം ചെയ്തതായും പകരം സുനില്‍ തത്കരെയെ നിയമിച്ചതായും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തങ്ങള്‍ക്കാണെന്നും തങ്ങളാണ് യഥാര്‍ഥ എന്‍സിപിയെന്നും അദ്ദേഹം അവകാശപ്പെട്ടു.