തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിനായി നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്‍തികരമാണ്.
പൊലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍നടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സുരക്ഷക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
സുരക്ഷാപരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പോലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വെച്ചാണ് അണുനാശിനി കുടിച്ചത്. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ് അറിയിച്ചു.