കൊല്ലം: ശക്തികേന്ദ്രമായ കൊല്ലം ജില്ലയില്‍ ആര്.എസ്.പി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഇരവിപുരത്ത് മുന്‍മന്ത്രി ബാബു ദിവാകരനും കുന്നത്തൂരില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ഉല്ലാസ് കോവൂരുമാകും മത്സരിക്കുക. ചവറയില്‍ ഷിബു ബേബിജോണ്‍ തന്നെയെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു.
തിങ്കളാഴ്ച ചേര്‍ന്ന ഇരവിപുരം, കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റികള്‍ ബാബുദിവാകരന്റെയും ഉല്ലാസിന്റെയും പേരുകള്‍ സംസ്ഥാന സമിതിക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇരവിപുരത്ത് കഴിഞ്ഞ തവണ മത്സരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സി.പി.എമ്മിലെ എം. നൗഷാദിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും പേര് ഉയര്‍ന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.
തുടര്‍ന്ന്, അസീസ് നിര്‍ദേശിച്ച ബാബുദിവാകരന്റെ പേര് യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇരവിപുരം സീറ്റ് കോണ്‍ഗ്രസിന് നല്കി, കുണ്ടറ ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട്, വേണ്ടെന്നുവെച്ചു. ആര്.എസ്.പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റാണ് യു.ഡി.എഫ് നല്‍കിയിരുന്നത്. ആറ്റിങ്ങലില്‍ തീരുമാനം ഉടനുണ്ടാകും. കയ്പമംഗലം സീറ്റ് മാറി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.