കോന്നി : ശരീരം തളർന്ന് കിടപ്പിലായ അച്ഛനെയും വാർധക്യത്തിൽ എത്തിയ അമ്മൂമ്മയേയും കണ്ണിലെ കൃഷ്ണമണിപോലെ പരിചരിച്ചിരുന്ന അഭിജിത്തിന് തുണയേകി അടൂർ മഹാത്മാ ജനസേവാ കേന്ദ്രം. അഭിജിത്തിന്റെ അച്ഛനെയും വാർദ്ധക്യത്തിൽ എത്തിയ അമ്മൂമ്മയുടെയും സംരക്ഷണ ചുമതല അടൂർ മഹാത്മാ ജനസേവ കേന്ദ്രം ഏറ്റെടുത്തു.
ഇലവുംതിട്ട കോട്ടൂർ പാറത്തടത്തിൽ ബി സജിയുടെ(45)മകനാണ് അഭിജിത്ത്. ഒരുവശം തളർന്ന സജി അമ്മയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. പിന്നീട് ശരീരത്തിന്റെ ഒരു ഭാഗം കൂടി തളർന്ന് പൂർണ്ണമായി കിടപ്പിലായി. ഇളകൊള്ളൂർ സെന്റ് ജോർജ്ജ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്തിനായിരുന്നു അച്ഛന്റെയും അമ്മൂമ്മയുടേയും പരിചരണ ചുമതല. ശുചിമുറിയിൽ കൊണ്ടുപോകുന്നതും വസ്ത്രം മാറ്റുന്നതും കുളിപ്പിക്കുന്നതും എല്ലാം അഭിജിത്തായിരുന്നു. ഇതിനിടെ എന്തെങ്കിലും ജോലിക്ക് പോയാണ് അഭിജിത് പണം കണ്ടെത്തിയിരുന്നത്. കൊവിഡ് കാലത്ത് സ്കൂളിൽ നിന്ന് നൽകിയ ഫോണും കേടായതോടെ ഓൺലൈൻ പഠനവും മുടങ്ങി. സ്വന്തമായി വീടില്ലാത്ത സജി, അമ്മയായ കുഞ്ഞമ്മയ്ക്കും(85) അഭിജിത്തിനും ഒപ്പം വാടക വീടുകളിലാണ് വർഷങ്ങളായി താമസിച്ചുകൊണ്ടിരുന്നത്.
ഏഴ് വർഷം മുമ്പാണ് ഇവർ കോന്നിയിലെത്തുന്നത്. ഇളകൊള്ളൂരിലും പുളിമുക്കിലുമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. മൂന്ന് മാസമായി പൂവൻപാറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസം. വീട്ടുവാടക കൊടുക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. പ്രദേശവാസികൾ പറഞ്ഞതറിഞ്ഞ് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റിയംഗമായ ഷിജോ വകയാർ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ വസ്ത്രം പോലും മാറാനാകാതെ കിടക്കുകയായിരുന്നു സജി. തുടർന്ന് സജിയേയും കുഞ്ഞമ്മയേയും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി ജീവനക്കാരാണ് ഇവർക്ക് ഭക്ഷണവും മറ്റും നൽകിയത്. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ച അഭിജിത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയെങ്കിലും എങ്ങോട്ട് പോകും എന്ന വ്യാകുലതക്കിടെയാണ് മഹാത്മ ഇവരെ ഏറ്റെടുത്തത്. മഹാത്മ ചെയർമാൻ രാജേഷ്, പ്രസിഡന്റ് പ്രിഷിൽഡ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം, ആർ എം ഒ അജയ്, നഴ്സിംഗ് അസിസ്റ്റന്റ് മാരായ ശ്രീലത, ഫസീന, എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റിയംഗം ഷിജോ വകയാർ തുടങ്ങിയവർ സ്ഥലത്ത് എത്തി നടപടികള്‍ക്ക് നേത്രുത്വം നല്‍കി.