കൊല്ലം : അറ്റകുറ്റപ്പണിക്കു വേണ്ടി കൊല്ലം തുറമുഖത്തു കപ്പൽ വരാൻ സാധ്യത. അനുമതിക്കു വേണ്ടി പോർട്ട് അധികൃതരെ സമീപിച്ചതിനെ തുടർന്നു ക്ലിയറൻസ് നൽകി. കൊച്ചി തുറമുഖത്തു നങ്കൂരം ഇടുന്നതിന് ഉയർന്ന വാടക നൽകേണ്ടി വരുന്നതിനാലാണു കൊല്ലം തുറമുഖം തിരഞ്ഞെടുക്കാൻ കാരണം. സാങ്കേതിക വിദഗ്ധരെ കരമാർഗം എത്തിച്ചു അറ്റകുറ്റപ്പണി നടത്താനാണ് ആലോചിക്കുന്നത്. കപ്പൽ എത്തുന്നതിനു കഴിഞ്ഞ ദിവസം ഇമിഗ്രേഷൻ അനുമതിക്കു ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഐഎസ്ആർഒയ്ക്കുള്ള കാർഗോയുമായി എത്തിയ നദീൻ എന്ന കപ്പലിനും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചത് കേന്ദ്ര ഇടപെടൽ മൂലമാണ്. 31നു രാവിലെ 11.40നു കൊല്ലം തുറമുഖത്ത് എത്തിയ കപ്പലിന് ഇമിഗ്രേഷൻ അനുമതിക്ക് വൈകിട്ട് 6:30വരെ കാത്തിരിക്കേണ്ടി വന്നു. രാവിലെ എത്തിയതിനാൽ അന്നു തന്നെ കാർഗോ ഇറക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ യൂണിയൻ അംഗങ്ങളായ തൊഴിലാളികളെ ഷിപ്പിങ് ഏജൻസി വിളിച്ചിരുന്നു. അനുമതി വൈകിയതിനാൽ അടുത്ത ദിവസം രാവിലെയാണ് കാർഗോ ഇറക്കിത്തുടങ്ങിയത്. തിങ്കൾ രാവിലെ കപ്പൽ കൊൽക്കത്തയിലേക്കു മടങ്ങിപ്പോകാൻ നിശ്ചയിച്ചിരുന്നെങ്കിലും 2.15ന് ആണ് ക്ലിയറൻസ് ലഭിച്ചത്.