ഷൊര്‍ണൂര്‍ : ഭാരതപ്പുഴയുടെ തീരങ്ങളില്‍ വ്യാപക കൈയേറ്റം. കൊച്ചിന്‍ പാലത്തിന് സമീപം ശ്മശാനം റോഡിലാണ് നഗരസഭ തന്നെ പുഴ കൈയേറി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഭാരതപ്പുഴയുടെ തീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി താലൂക്ക് സര്‍വേ നടത്തിയപ്പോള്‍ സ്വകാര്യവ്യക്തികള്‍ കുടില്‍കെട്ടി താമസിച്ചിരുന്ന ഇടമാണ് നഗരസഭ കൈയേറിയത്. ഇവിടെയാണ് ജിംനേഷ്യം സെന്ററും പാര്‍ക്കും നിര്‍മിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ഏതുനിമിഷവും പുഴയിലെ ഒഴുക്കുകൂടിയാല്‍ തകര്‍ന്നുപോകുന്ന നിലയിലാണ്. മാത്രമല്ല, പാര്‍ക്കിന്റെ ഒരുഭാഗം അടുത്തിടെയാണ് തകര്‍ന്നത്. പാര്‍ക്കിലേക്ക് വരുന്നവരുടെ ജീവനുതന്നെ ഭീഷണിയായ നിലയിലാണ്.
2001ലെ കേരള നദീസംരക്ഷണ നിയമപ്രകാരവും 1996 ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരവും നദീ തീരങ്ങളിലെ കൈയേറ്റവും നിര്‍മാണവും നിരോധിച്ചിട്ടുള്ളതാണ്. 2017 – 18 കാലഘട്ടത്തിലാണ് ഷൊര്‍ണൂര്‍ നഗരസഭ ഇവിടെ പുഴ കൈയേറി പാര്‍ക്കും, ജിംനേഷ്യം സെന്ററും തുടങ്ങിയത്. സുപ്രീം കോടതി ഉത്തരവില്‍ നദിയുടെ പുറമ്പോക്കില്‍നിന്ന് നാല് മീറ്റര്‍ വിട്ട് മാത്രമേ ഏതൊരു നിര്‍മാണ പ്രവൃത്തിക്കും അനുമതിയുള്ളൂ. സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയായാലും അത് ബാധകമാണ്.
ഭാരതപുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിലാണ് പാര്‍ക്കിനായി പുഴയില്‍ കരിങ്കല്‍ ഭിത്തികെട്ടി ഉയര്‍ത്തിയിരിക്കുന്നത്. പുഴയുടെ തീരങ്ങള്‍ കെട്ടാനും സംരക്ഷിക്കാനും ഇറിഗേഷന്‍ വകുപ്പിന് മാത്രമാണ് അനുമതി. നഗരസഭക്ക് ഇതിന് അധികാരമില്ല. പുഴയുടെ തീരങ്ങള്‍ ഇടിയാതിരിക്കാന്‍ ആറ്റുവഞ്ചിയും, കല്ലന്‍ മുളയും സോഷ്യല്‍ ഫോറസ്ട്രിയുടെ സഹായത്തോടെ വെച്ചുപിടിപ്പിക്കണം. ഇതൊന്നും ഇവിടെ നടക്കുന്നില്ല. ഉള്ളതുതന്നെ നാമമാത്രമാണ്. പ്രകൃതി സംരക്ഷണ ദിനങ്ങളില്‍ ഫോട്ടോ പ്രദര്‍ശനത്തിന് മാത്രമായി ചുരുങ്ങിയിരിക്കുകയാണ് നദീസംരക്ഷണം.