കൊച്ചി : ദേശീയ പാതയില്‍ നെടുമ്പാശ്ശേരി കരിയാട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവം പ്രത്യേക പോലിസ് സംഘം അന്വേഷിക്കും. ആലുവ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന്‍കുട്ടി, നെടുമ്പാശ്ശേരി എസ്‌എച്ച് ഒപിഎം ബൈജു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സഫര്‍ മൊയ്തീന്‍, ഹാഷിം, ജസീല്‍ , ആസിഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം 168 ഗ്രാം എംഡിഎംഎ യുമായി പോലിസ് സംഘം പിടികൂടിയത്. അങ്കമാലി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ 4 വരെ റിമാന്റ് ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്നും ഇവരുടെ ഇതര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് പറഞ്ഞു.