കൊല്ലം : കൊല്ലം ആയൂരില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പുനലൂർ പത്തനാപുരം എന്നിവിടങ്ങളിൽ പൊതുപരിപാടിക്കായി പോകവെയാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രവര്‍ത്തകരെ റോഡില്‍ നിന്നും ഒഴിവാക്കി.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരിഫ് ഖാനും സംസ്ഥാന സർക്കാരും ഇരു ധ്രുവങ്ങളിൽ തുടരുകയാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുകയാണെന്ന് ആരിഫ് ഖാൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ഗവർണർ പറഞ്ഞത്. ബിൽ ഒരു സമുദായത്തെ ലക്ഷ്യം വെച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യത്തെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചിരുന്നു.
പാകിസ്താനിൽ ദയനീയ ജീവിതം നയിക്കുന്നവർക്ക് ഗാന്ധിയും നെഹ്‌റുവും കോൺഗ്രസും നൽകിയ വാക്കാണ് പാലിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ഗവർണറുടെ പ്രതികരണം. 1985ലും 2003ലും അടിസ്ഥാന രൂപമുണ്ടായതിന് സർക്കാർ നിയമപരമായ ഘടന നൽകുകയാണ് ചെയ്തതെന്നും ഗവർണർ ന്യായീകരിച്ചു.