ന്യൂഡൽഹി : ഡല്‍ഹി പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി പറഞ്ഞു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി വിമര്‍ശനം.
ഈ കേസില്‍ ഇതുവരെയും ഡല്‍ഹി പോലീസിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ആസാദ് മറ്റു നിരവധി കേസുകളില്‍ കുറ്റാരോപിതനാണെന്നും ആ കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയാണെന്നുമായിരുന്നു ഡല്‍ഹി പോലീസിന്റെ പ്രധാന വാദം. ആസാദ് പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് വാദിച്ചു.
ഇതിനെതിരെയാണ് തീസ് ഹസാരി കോടതി രൂക്ഷ പരാമര്‍ശം നടത്തിയത്. ജമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന് ഡല്‍ഹി പോലീസിനെ കോടതി കുറ്റപ്പെടുത്തി. അന്യ മതസ്ഥര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്നും പോലീസിനോട് കോടതി ചോദിച്ചു.