പൊന്‍കുന്നം: തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ റിമാന്‍ഡ് പ്രതി എസ്.ഐയെ ആക്രമിച്ചു. തലക്ക് മുറിവേറ്റ മണിമല എസ്.ഐ ജെബിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി വെള്ളാവൂര്‍ വില്ലന്‍പാറ സ്വദേശി ജയേഷ് എന്ന സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
മൂവാറ്റുപുഴയില്‍നിന്ന് അഞ്ചുപേര്‍ ചേര്‍ന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡിലായിരുന്നു സുരേഷ്. വെള്ളിയാഴ്ച രാവിലെ മണിമലയില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങിയതാണ്. തെളിവെടുപ്പിനുശേഷം വൈകീട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജീപ്പില്‍ കൊണ്ടുവരുമ്പോള്‍ കൈലാത്തുകവലയില്‍ വെച്ചായിരുന്നു ആക്രമണം.
നേരത്തെ തന്നെ അന്വേഷിച്ച് പലതവണ പോലീസ് വീട്ടിലെത്തിയതിനെക്കുറിച്ച് പറഞ്ഞ് ആക്രോശത്തോടെ എസ്.ഐയുടെ തലയില്‍ വിലങ്ങിട്ട കൈകൊണ്ട് ജയേഷ് ഇടിക്കുകയായിരുന്നു. എസ്.ഐക്ക് പരിക്കേറ്റപ്പോള്‍ കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയതോടെ ജീപ്പില്‍നിന്നിറങ്ങി കടക്കാന്‍ ശ്രമിച്ചു. പ്രദേശവാസികള്‍ ചേര്‍ന്ന് സുരേഷിനെ തടഞ്ഞുനിര്‍ത്തി. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനുകൂടി കേസെടുത്തു.