ന്യൂഡല്‍ഹി: കര്‍ഷക പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും നാഫെഡ് ഡയറക്ടറുമായ സിബി ജെ.മോനിപ്പള്ളി(53)യെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സരായ് രോഹില്ല റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് അബോധാവസ്ഥയിലായ നിലയില്‍ ഇദ്ദേഹത്തെ വൈകുന്നേരത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ന്യൂ റോത്തക് റോഡിലുള്ള ജീവന്‍ മാല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കടുത്ത പ്രമേഹ രോഗമുള്ള ഇദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അവര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.
കര്‍ഷക നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബര്‍ ബോര്‍ഡ് അംഗം, റബര്‍ മാര്‍ക്ക് ഡയറക്ടര്‍ എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. കരിക്കാട്ടൂര്‍ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. മക്കള്‍: ആദര്‍ശ്, അരവിന്ദ്.