വയനാട് : പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വയനാട് എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. സംസ്ഥാന പോലീസ് മേധാവിക്കായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായ അഖിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമത്തിന് നേതൃത്വം നല്‍കിയ 12 പേരില്‍ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഈ മാസം 14 മുതല്‍ 18 ഉച്ച വരെ സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദനത്തിന് ഇരയായെന്നാണ് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥി പറഞ്ഞത്.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് സിദ്ധാര്‍ത്ഥ് മരിച്ചത്. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ പ്രസിഡന്റ് അരുണ്‍ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്. ആത്മഹത്യാ പ്രേരണ, മര്‍ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.