ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് ഇന്ന് പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ. സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ‘ഖൗമി ഇൻസാഫ് മോർച്ച’യാണ് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. വ്യാപാര ചന്തകൾ, റോഡ് ഗതാഗതം, ട്രെയിൻ സർവീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിവിധ കർഷക, സിഖ് സംഘടനകൾ ഹർത്താലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അടിയന്തര വൈദ്യസഹായങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സമരക്കാർ അറിയിച്ചു. വിമാനത്താവളങ്ങളിലേക്കുള്ള യാത്രകൾ, പരീക്ഷകൾ, വിവാഹ ചടങ്ങുകൾ എന്നിവയ്ക്കും തടസ്സമുണ്ടാകില്ല. 1995-ൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജഗ്താർ സിംഗ് ഹവാരയ്ക്ക് പരോൾ അനുവദിക്കുക എന്നതാണ് പ്രതിഷേധക്കാരുടെ ഒരു പ്രധാന ആവശ്യം. രോഗബാധിതയായ തന്റെ അമ്മയെ കാണാൻ ഹവാരയ്ക്ക് പരോൾ നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ബിയാന്ത് സിംഗ് വധക്കേസിലെ പ്രതിയായ ബൽവന്ത് സിംഗ് രജോവാന, 1993-ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ദേവീന്ദർപാൽ സിംഗ് ഭുള്ളർ എന്നിവരുടെ മോചനവും ഖൗമി ഇൻസാഫ് മോർച്ച ആവശ്യപ്പെടുന്നുണ്ട്.
1980-കളിലും 90-കളിലും പഞ്ചാബിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട സിഖ് തടവുകാരുടെ മോചനത്തിനായാണ് ഈ പ്രസ്ഥാനം പ്രധാനമായും വാദിക്കുന്നത്. 2023 ജനുവരി മുതൽ ചണ്ഡീഗഢ്-മൊഹാലി അതിർത്തിയിൽ ഖൗമി ഇൻസാഫ് മോർച്ച സമരം നടത്തിവരികയാണ്. ഓഗസ്റ്റ് 15-ന് പഞ്ചാബ് ഗവർണറുടെ വസതിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായിരുന്നു. സമരക്കാരെ ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞ പോലീസ്, അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകർ നടത്തിയ കല്ലേറിൽ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ചണ്ഡീഗഢ് പോലീസ് അവകാശപ്പെടുന്നു.































