പത്തനംതിട്ട : സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെയുള്ള മല്ലപ്പള്ളിയില്‍ അടക്കം കൊടുമ്പിരി കൊള്ളവേ പത്തനംതിട്ട ജില്ലയിലും കല്ലിടലുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍. ഇന്ന് മുതല്‍ കല്ലിടല്‍ തുടങ്ങും. പ്രതിഷേധം ഉറപ്പായതു കൊണ്ട് തന്നെ സുരക്ഷ ഒരുക്കാന്‍ വിപുലമായ പോലീസ് സംവിധാനമാണ് തയ്യാറാക്കുക. ജില്ലയില്‍ കടമ്പനാട്, പള്ളിക്കല്‍, പന്തളം, ആറന്മുള, കിടങ്ങന്നൂര്‍, കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം എന്നീ വില്ലേജുകളിലൂടെയാണു സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. മൊത്തം 21 കിലോമീറ്റര്‍ ദൂരം. ജില്ലയില്‍ ആകെ 44.71 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടവയാണ്. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് സര്‍വേ നമ്പറും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
സര്‍വേ പ്രകാരം തിരുവല്ല, മല്ലപ്പള്ളി മേഖലകളില്‍ 400 ഓളം വീടുകള്‍ നഷ്ടമായേക്കാമെന്നാണ് കരുതുന്നത്. ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തിലാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800ഓളം വരും. സ്ഥലമേറ്റെടുക്കല്‍ നടപടിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുത്തെങ്കില്‍ മാത്രമേ നഷ്ടമാകുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും കൃത്യമായി കണക്ക് വ്യക്തമാകൂ. നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. റെയില്‍ പാതയ്ക്കായി നദിക്ക് കുറുകെ ജില്ലയില്‍ പാലങ്ങള്‍ വേണ്ടിവരും. ആറാട്ടുപുഴയ്ക്ക് സമീപം പമ്ബാ നദിയിലും ഇരവിപേരൂരിനും കല്ലൂപ്പാറയ്ക്കും ഇടയില്‍ മണിമലയാറ്റിലുമാണ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കാനും ഗ്രാമങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
11 ജില്ലകളില്‍ കൂടി നിര്‍ദിഷ്ട പാത കടന്നുപോകുന്നുണ്ട്. ഇതില്‍ സ്റ്റേഷനോ സ്റ്റോപ്പോ ഇല്ലാത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ആലപ്പുഴ ജില്ലയിലെ സ്റ്റോപ് ചെങ്ങന്നൂരിനു സമീപം പിരളശേരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയത്തും സ്റ്റോപ്പുണ്ട്. ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഇരവിപേരൂരില്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര യാത്രക്കാരെ കിട്ടില്ലെന്ന കാരണത്താല്‍ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതേസമയം പത്തനംതിട്ട ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത് അതീവ പ്രളയ മേഖലയിലൂടെയാണ് എന്നതും ആശങ്കയ്ക്ക് ഇട നല്‍കുന്നതാണ്. 2018ലെയും കഴിഞ്ഞ വര്‍ഷത്തെയും പ്രളയത്തില്‍ 8 മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്ന പ്രദേശമാണ് പാതയ്ക്കായി കണ്ടെത്തിയത്. മാലക്കര, കല്ലൂപ്പാറ എന്നിവിടങ്ങളിലെ കേന്ദ്ര ജല കമ്മിഷന്‍ ഓഫിസിലെ കണക്ക് അനുസരിച്ച് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് കല്ലൂപ്പാറ മേഖലയില്‍ മണിമലയാറ്റിലെ ജലനിരപ്പ് 8.7 മീറ്റര്‍ ഉയര്‍ന്നു. പമ്പ, മണിമല നദികള്‍ കടന്നാണ് സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്നത്.
ആറന്മുള പഞ്ചായത്തിലെ ആറാട്ടുപുഴ ഭാഗത്താണ് പാത ജില്ലയില്‍ പ്രവേശിക്കുന്നത്. കോയിപ്രം വില്ലേജിലെ മീനാറുംകുന്ന് ഭാഗത്ത് പമ്പാനദി കടന്ന് നെല്ലിമല വഴി ഇരവിപേരൂര്‍ പോസ്റ്റ് ഓഫിസ് ഭാഗത്ത് എത്തും. ഇരവിപേരൂര്‍ പോസ്റ്റ് ഓഫിസിനും നെല്ലാടിനും മധ്യേ ടികെ റോഡ് മുറിച്ചു കടക്കും. പൂവപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം മണിമലയാര്‍ മുറിച്ചുകടന്ന് കല്ലൂപ്പാറ പഞ്ചായത്തില്‍ പ്രവേശിക്കും. ഈ മേഖലയില്‍ മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മ്മിച്ചാല്‍ പ്രളയജലം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ വരുമെന്നാണ് സില്‍വര്‍ലൈന്‍ പ്രതിരോധ സമിതിയുടെ ആശങ്ക. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ 3 ദിവസം തുടര്‍ച്ചയായി പ്രളയജലം കയറി കടന്ന നെല്ലാട് മേഖലയിലൂടെയാണു ടികെ റോഡ് മുറിച്ചുകടന്ന് പാത പോകുന്നത്. വീടുകള്‍ ഉള്‍പ്പെടെ 128 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. ഇരുവശത്തും ബഫര്‍ സോണ്‍ കൂടി ആണെങ്കിലും ആ സ്ഥലത്തിന് സര്‍ക്കാര്‍ വില നല്‍കില്ല. അവിടെ നിര്‍മ്മാണങ്ങള്‍ക്കും നിയന്ത്രണം ഉണ്ട്.
ഇന്ന് കെ – റെയിലിലെ പ്രതിഷേധം കണിക്കിലെടുത്ത് കല്ലിടലിനു സുരക്ഷ ഒരുക്കാന്‍ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണമാണ് പോലീസ് ഒരുക്കുന്നത്. സമീപത്തെ എല്ലാ സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാരോടും ഇന്ന് കല്ലിടല്‍ ഡ്യൂട്ടിക്ക് ആറന്മുള എത്താനുള്ള നിര്‍ദേശമുണ്ട്. ജില്ലയില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ വിളിച്ചുകൂട്ടി. ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. കെ – റെയില്‍ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ചുമതലയുള്ള തഹസില്‍ദാരായി വര്‍ഗീസ് മാത്യുവിനെ നിയമിച്ചു.
ഓരോ വില്ലേജിലും ഏറ്റെടുക്കുന്ന സ്ഥലവും സര്‍വേ നമ്പറും
കടമ്പനാട് : ആകെ സ്ഥലം 2.3013 ഹെക്ടര്‍
സര്‍വേ നമ്പര്‍ (ബ്ലോക്ക് നമ്ബര്‍ 13) 454, 464, 465, 466, 469, 470, 471, 474, 495, 496, 497, 498.
പള്ളിക്കല്‍ : ആകെ സ്ഥലം 9.3622 ഹെക്ടര്‍
സര്‍വേ നമ്പര്‍ (ബ്ലോക്ക് നമ്പര്‍ 34) 554, 555, 557, 558, 559, 561, 562, 563,839, 840, 845, 846, 848, 849, 857, 863, 873, 874, 877, 878, 885, 886, 901, 902, 903, 914, 915, 1021, 838, 847.
(ബ്ലോക്ക് നമ്പര്‍ 35) 70, 74, 75, 76, 77, 78, 146, 147, 149, 151, 154, 155, 156,159, 285, 301, 304, 306, 308, 309, 310, 311,335, 338, 342, 343, 344, 351, 352
പന്തളം : ആകെ സ്ഥലം 1.8563 ഹെക്ടര്‍
(ബ്ലോക്ക് നമ്പര്‍ 1) 6, 7, 8, 10, 11, 27, 28, 37, 43, 44, 55, 59, 60, 61, 696
ആറന്മുള : ആകെ സ്ഥലം 2.2121 ഹെക്ടര്‍
(ബ്ലോക്ക് നമ്പര്‍ 11) 484, 485, 486, 488, 491, 492, 493, 494, 495, 500.
കോയിപ്രം : ആകെ സ്ഥലം 6.1431 ഹെക്ടര്‍
(ബ്ലോക്ക് നമ്പര്‍ 21) 122, 123, 124,125,127,136, 227, 228, 231, 232, 241, 242, 243, 249, 251, 252, 261, 262, 263, 300, 304, 305, 310, 312, 313, 316, 317, 322, 323, 324, 327, 329, 330, 333,334,335,337,338,503, 230, 240, 303.
ഇരവിപേരൂര്‍ : ആകെ സ്ഥലം 6.4404 ഹെക്ടര്‍
(ബ്ലോക്ക് നമ്പര്‍ 12) 6, 8,10,16, 30, 31, 32, 54, 55,147, 148, 151, 152,153,157,158, 233, 237, 238, 240, 253, 254, 255, 256, 241
(ബ്ലോക്ക് നമ്പര്‍ 13) 444, 445, 450, 463, 464, 465, 511, 512, 513, 514, 656.
കവിയൂര്‍ : ആകെ സ്ഥലം 4.2838 ഹെക്ടര്‍
(ബ്ലോക്ക് നമ്പര്‍ 14) 61, 62, 69, 70, 71, 72, 77, 78, 79, 82, 83, 84, 86, 87, 108, 109, 110, 222, 223, 224, 228, 229, 230, 231, 234, 235.
കല്ലൂപ്പാറ : ആകെ സ്ഥലം 3.8757 ഹെക്ടര്‍
(ബ്ലോക്ക് നമ്പര്‍ 17) 378, 379, 384, 385, 386, 388, 389, 390, 418, 419, 423, 424, 425, 432, 433, 442, 443, 449, 452, 458, 459, 460, 484
കുന്നന്താനം : ആകെ സ്ഥലം 8.2421
ഹെക്ടര്‍ (ബ്ലോക്ക് നമ്പര്‍ 16) 1, 3, 4, 7, 8, 16, 191, 196, 200, 201, 202, 203, 204, 213, 214, 217, 218, 220, 222, 223, 229, 234, 236, 303, 305, 306, 307, 313, 314, 316, 319, 320, 321, 336, 358, 359, 360, 361, 362, 224.
































