കോട്ടയം : സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികളില്‍ അന്വേഷണം അവസാനിപ്പിച്ചു എന്ന് പോലീസ്. കേസുകളില്‍ അന്വേഷണം അവസാനിച്ചു എന്ന് രേഖാമൂലം പോലീസ് ലൂസി കളപ്പുരയെ അറിയിച്ചു. സഭാ അധികൃതര്‍ക്ക് എതിരെ ലൂസി കളപ്പുര നല്‍കിയ പരാതിയാണ് പോലീസ് തള്ളിയത്. പരാതി വാസ്തവവിരുദ്ധം ആണെന്നാണ് പോലീസ് നിലപാട്. മാത്രമല്ല പരാതികള്‍ക്ക് വേണ്ടത്ര തെളിവ് ഇല്ലെന്നും പോലീസ് വിശദീകരിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസും പോലീസ് അവസാനിപ്പിച്ചുവെന്ന് ലൂസി പറയുന്നു. പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.
നേരത്തെ സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും പുറത്താക്കിയ നടപടി താത്കാലികമായി കോടതി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് നടപടി മരവിപ്പിച്ചത്. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.സി.സി മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്. തുടര്‍ന്ന് തനിക്കെതിരായ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കോടതിയെ സമീപിക്കുകയായിരുന്നു.
പുറത്താക്കല്‍ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തില്‍ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസി കത്തയച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗീകാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. വിഷയത്തില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടുവെന്നും സഭ വിശദീകരിക്കുന്നു.