കോഴിക്കോട്: ഏകീകൃത വ്യക്തി നിയമം സമത്വം കൊണ്ട് വരില്ലെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ അത് കൊണ്ടുവരുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമത്വത്തിനായി കാലോചിത മാറ്റങ്ങൾ അതാത് വിഭാഗങ്ങളാണ് കൊണ്ട് വരേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നും പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനായാണ് യെച്ചൂരി കോഴിക്കോട്ടെത്തിയത്.
അതേസമയം, സെമിനാറിൽ മുസ്‌ലിം ക്രിസ്ത്യൻ ദലിത് സംഘടാ നേതാക്കൾ പങ്കെടുക്കും. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തിൽ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് ഇന്ന് കോഴിക്കോട് സ്വപ്ന നഗരിയിൽ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാർ. സി. പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ എൽ.ഡി.എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം.വി ഗോവിന്ദൻ മാസ്റ്റർ, എളമരം കരീം ഇ. കെ വിജയൻ, ജോസ് കെ, മാണി, ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.