മുംബയ്: മഹാരാഷ്ട്രയില്‍ ഉദ്ദവ് സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ ശിവസേനയില്‍ പൊട്ടിത്തെറി. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍നിന്ന് ശിവസേന മന്ത്രി രാജിവച്ചു. കാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതിലാണ് ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരുന്നത്.
ഡിസംബര്‍ 30-നാണ് അബ്ദുള്‍ സത്താര്‍ അടക്കമുള്ള നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മഹാസഖ്യത്തിലെ മൂന്ന് പാര്‍ട്ടികളിലേയും 36 പേരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം നടത്തിയത്. ഇതിനു പിന്നാലെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ തീരുമാനമാകാത്തത് മഹാവികാസ് അഘാഡിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് അബ്ദുള്‍ സത്താറിന്റെ രാജി. മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ശിവസേനയിലെ തന്നെ എം.എല്‍.എമാര്‍ത്തന്നെ രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ തന്നെ വഞ്ചിച്ചതായി ശിവസേന നേതാവ് ഭാസ്‌കര്‍ യാദവ് ആരോപിച്ചിരുന്നു.