അഹമ്മദാബാദ് : ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയാറാക്കിയത് ഡോ. ബി ആർ അംബേദ്കർ ആണെന്ന് സമ്മതിച്ചുതരുവാൻ ഗുജറാത്ത് സ്‌പീക്കർ രാജേന്ദ്ര ത്രിവേദി തയ്യാറല്ല. ആ കരട് തയ്യാറാക്കിയത് ഒരു ബ്രാഹ്മണനാണെന്ന പുതിയ തെളിവാണ് അഹമ്മദാബാദിൽ നടന്ന ബ്രാഹ്മണ വ്യാപാര സമ്മേളനത്തിൽ ത്രിവേദി വെളിപ്പെടുത്തിയത്.
60 രാഷ്ട്രങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതെന്നും അത് ഡോ. അംബേദ്കർക്ക് മുമ്പാകെ അവതരിപ്പിച്ചത് ബി എൻ റാവു എന്ന ബ്രാഹ്‌മണനാണെന്നുമാണ് ത്രിവേദി പറഞ്ഞത്. ‘‘ഭരണഘടനയെ സംബന്ധിച്ച കാര്യങ്ങളിൽ അംബേദ്കറിന്റെ പേര് വലിയ ബഹുമാനത്തോടെയാണ് നമ്മൾ കാണുന്നതെന്നും എന്നാൽ അതിന് പിന്നിൽ ബി എൻ. റാവു എന്ന ബ്രാഹ്മണനാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്നും -ത്രിവേദി അവകാശപ്പെട്ടു.
നേരത്തേയും ഇത്തരം പ്രസഥാവനകൾ പറഞ്ഞിട്ടുള്ളയാളാണ് രാജേന്ദ്ര ത്രിവേദി. അറിവുനേടിയവർ എല്ലാവരും ബ്രാഹ്‌മണരാണെന്നും അതിനാൽ അംബേദ്‌കറും മോഡിയും ബ്രാഹ്‌മണരാണെന്നും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
മറ്റുള്ളവരെ ഉന്നതിയിലേക്ക് ഉയർത്തുന്നതിന് പിന്നിൽ എന്നും ബ്രാഹ്മണരുണ്ടായിരുന്നു. അംബേദ്കറിനെ ഉയർത്തിയത് റാവുവാണ്. 1949 നവംബർ 25ലെ ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ ഇക്കാര്യം സമ്മതിച്ചതായും ത്രിവേദി പറഞ്ഞു. നൊബേൽ സമ്മാനം നേടിയ എട്ട് ഇന്ത്യക്കാരിൽ ഏഴുപേരും ബ്രാഹ്മണരാണ്. നൊബേൽ സമ്മാനം നേടിയ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയും ബ്രാഹ്മണനാണ്. ഡൽഹിയിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ 11 പേരെ രക്ഷപ്പെടുത്തിയ ഫയർമാൻ രാജേഷ് ശുക്ലയും ബ്രാഹ്മണനാണെന്ന് ത്രിവേദി പറഞ്ഞു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൂടി പങ്കെടുത്ത ചടങ്ങിലാണ് രാജേന്ദ്ര ത്രിവേദിയുടെ പ്രസ്താവന.