ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ അർജുൻ പീഡിപ്പിച്ചത് മൂന്ന് വർഷമെന്ന് പോലീസ്. കൊലയ്ക്ക് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തതെന്നും പോലീസ് പറയുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും.
അതിക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്നാണ് വിവരം. സംഭവം നടന്ന 30-ാം തീയതി വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.