ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കൂടുതല്‍ ലോണുകള്‍ തിരികെ പിടിക്കുന്നതെന്ന് റിപ്പോർട്ട്. എന്നാല്‍ ഭീമന്‍ തുകകള്‍ വായ്പ എടുക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നോ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നോ ലോൺ തിരിച്ചു പിടിക്കുന്നതിൽ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016 -17 മുതല്‍ 2025 – 26 വരെയുള്ള പത്ത് സാമ്പത്തിക വര്‍ഷങ്ങളിലായി, ബാങ്കിന് ഒരു കോടി രൂപയില്‍ താഴെ മാത്രം ബാധ്യതയുണ്ടായിരുന്ന നിക്ഷേപകരില്‍ നിന്ന് 5,004.28 കോടി രൂപ തിരിച്ചുപിടിച്ചതായാണ് ‘മണി ലൈഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ 100 കോടിയിലധികം വായ്പ എടുത്തവരില്‍ നിന്ന് തിരികെ പിടിച്ചത് 3,874.41 കോടി രൂപ മാത്രമാണെന്നതാണ് കണക്കുകളെ ഗൗരവമുള്ളതാക്കുന്നത്.
തിരിച്ചടവ് മുടങ്ങിയ വന്‍കിട വായ്പക്കാരുടെ 26,701.55 കോടി രൂപയുടെ വായ്പകള്‍ സെന്‍ട്രല്‍ ബാങ്ക് എഴുതിത്തള്ളി. ചെറുകിട വായ്പക്കാരുടെ കാര്യത്തില്‍ 6,774.23 കോടി രൂപ മാത്രമാണ് എഴുതിത്തള്ളിയത്. ശതമാനക്കണക്കില്‍ നോക്കിയാല്‍, വന്‍കിട വായ്പക്കാരില്‍ നിന്നുള്ള തിരിച്ചടവ് നിരക്ക് 14.5% ആയിരുന്നപ്പോള്‍, ചെറുകിട വായ്പക്കാരില്‍ നിന്നുള്ള നിരക്ക് 74% ആയിരുന്നു എന്നതും കൗതുകകരമാണ്. ‘സജഗ് നാഗരിക് മഞ്ച്’ പ്രസിഡന്റും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകനുമായ വിവേക് വേലങ്കര്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ‘മണി ലൈഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.






























