തൃശ്ശൂർ : സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സീൻ വിതരണം ഈ മാസം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അടച്ച പണം തിരികെ നൽകാമെന്ന് ഇന്നലെ ആശുപത്രികൾക്ക് അറിയിപ്പു കിട്ടി. എന്നാൽ വൻതോതിൽ വാക്സീൻ ആവശ്യമുള്ളവർക്കു നേരിട്ട് കമ്പനികളിൽ നിന്നു വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. ചില ആശുപത്രികൾക്കു വലിയ വിലയ്ക്ക് വാക്സീൻ വിൽക്കാനാണ് ഇതുവഴി അവസരമൊരുങ്ങുന്നത്.
നേരത്തെ സ്വകാര്യ ആശുപത്രികൾക്കു നേരിട്ട് കമ്പനികളിൽ നിന്ന് വാക്സീൻ വാങ്ങാമായിരുന്നു. വൻതോതിൽ ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് അന്ന് കമ്പനികൾ വാക്സീൻ നൽകിയിരുന്നത്. ചെറുകിട ആശുപത്രി മാനേജ്മെന്റുകൾ സംസ്ഥാന സർക്കാരിനു മുൻപിൽ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നാഷനൽ ഹെല്‍ത്ത് അതോറിറ്റി വഴി പണമടയ്ക്കാനും ഓരോ ആശുപത്രിക്കും എത്ര വാക്സീൻ എന്നത് സർക്കാർ തീരുമാനിക്കും എന്നും അറിയിച്ചത്. ഇതനുസരിച്ച് ഒട്ടേറെ ആശുപത്രികൾ പണമടച്ചു. ഓരോ ആശുപത്രികൾക്കും അനുവദിച്ച വാക്സീന്റെ തോത് വ്യക്തമാക്കി ജൂൺ അവസാനത്തോടെ ഇവർക്ക് അറിയിപ്പു കിട്ടി. ആശുപത്രികളുടെ പട്ടികയും പുറത്തിറക്കി. 320 ഡോസ് മുതൽ വാക്സീൻ കിട്ടിയ ആശുപത്രികൾ ഉണ്ടായിരുന്നു. എന്നാൽ വാക്സീൻ എന്നു കിട്ടുമെന്ന് ഇവർക്ക് ഒരു ഉറപ്പും കിട്ടിയില്ല.