പത്തനംതിട്ട: ജനപ്രതിനിധിയുടെ അഭ്യർത്ഥനയിൽ നാട്ടുകാർ സഹകരിച്ചപ്പോൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ ആറു വിദ്യാര്‍ഥികൾക്ക് സ്മാർട്ട് ഫോണുകൾ സ്വന്തമായി. നഗരസഭ 24- വാർഡിലാണ് മുൻ നഗരസഭാ ചെയർമാൻ കൂടിയായ അഡ്വ.എ.സുരേഷ് കുമാർ തന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ സഹകരണത്തോടെ വലഞ്ചുഴിയിലെ സാമ്പത്തികമായി സുദ്ധിമുട്ടുന്ന 6 കുടുംബങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ സംഘടിപ്പിച്ച് നൽകിയത്.
സ്മാർട്ട് ഫോണുകൾ ഇല്ലാതെ പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ കഷ്ടത വിവരിച്ച് തന്റെ വാട്സ്ആപ്പിൽ സന്ദേശം നൽകിയതിനെ തുടർന്ന് നിരവധി പേർ സഹായ ഹസ്തവുമായി വരികയായിരുന്നു. വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകളും ഭക്ഷ്യ ധാന്യങ്ങളും മരുന്നും നൽകിയും കോവിഡ് രോഗികളുടെ വീടുകളിൽ പ്രഭാത ഭക്ഷണം അയൽകൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് നൽകിയും കോവിഡ് കാലത്ത് ഒട്ടേറെ സഹായങ്ങൾ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. നേരത്തെ വാർഡിലും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും ഇരുപതോളം ഫോണുകൾ സുരേഷ് കുമാര്‍ നൽകിയിരുന്നു.
വലംചുഴിയിൽ നടന്ന ചടങ്ങിൽ ആന്റോ ആൻറണി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മുൻ നഗരസഭാധ്യക്ഷ അഡ്വ ഗീത സുരേഷ് , 25- വാർഡ് കൗൺസിലർ ഷീന രാജേഷ് , ആശ വർക്കർ ലിഷ സുനിൽ , യമുന വിശ്വരാജ്, ഹനീഫ ഇടതുണ്ടിൽ, വൃജഭൂക്ഷണൻ നായർ, യൂസഫ് വലഞ്ചുഴി, ആകാശ് മണ്ണിൽ , ഹരീഷ് എച്ച് നായർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.