ഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘നിയമത്തില്‍ പഴുതുകള്‍ ഇല്ലാതിരിക്കാനാണ് ഏതൊക്കെ മതക്കാര്‍ക്കാണ് പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവ് ലഭിയ്ക്കുന്നതെന്ന് വ്യക്തമായി എഴുതി നിയമമാക്കിയത്. പാകിസ്ഥാനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അവര്‍ സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ അവിടുള്ള ഇസ്ലാം അല്ലാത്തവര്‍ക്ക് മതപീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചാല്‍ അവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എന്താണ് കുഴപ്പം? ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍, പതിനൊന്നും പന്ത്രണ്ടൂം വയസ്സായ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോള്‍, ബലാത്സംഗം ചെയ്യപ്പെട്ട് അതില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുമ്പോള്‍ അവര്‍ക്ക് ഇടം നല്‍കണ്ടേ?’ സ്മൃതി ചോദിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങളെപ്പറ്റിയും കേന്ദ്രമന്ത്രി വിശദമായി സംസാരിച്ചു. ഇന്ത്യന്‍ എക്സ് പ്രസ് സംഘടിപ്പിച്ച തിങ്ക് എഡ്യു 2020 (#ThinkEdu2020) കോണ്‍ക്ലേവിലാണ് കേന്ദ്ര മാതൃശിശു സംരക്ഷണ മന്ത്രി തന്റെ മനസ്സു തുറന്നത്.
‘മുംബൈയില്‍ പത്തുകൊല്ലം ജീവിച്ചയാളാണ് താന്‍. അവിടെ നരിമന്‍ പോയിന്റില്‍ ഒരു ഹബാദ് ഹൗസ് (ജൂത ആരാധനാലയം) ഉണ്ടെന്ന് എനിയ്ക്കറിയില്ലായിരുന്നു. പക്ഷേ പാകിസ്ഥാനില്‍ നിന്ന് ഈ മണ്ണില്‍ നുഴഞ്ഞുകയറി വന്ന ഭീകരവാദികള്‍ ആ ഹബാദ് ഹൗസ് കണ്ടെത്തി അവിടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ജൂത സ്ത്രീയെ വെടിവെച്ചുകൊന്നു. നമ്മുടെ രാജ്യത്തുള്ളവര്‍ അവിടെ അങ്ങനെയൊരു ആരാധനാലയം ഉണ്ടെന്ന് പോലും ശ്രദ്ധിയ്ക്കാത്തപ്പോള്‍ പാകിസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയ ഭീകരവാദികള്‍ ആ ഗര്‍ഭിണിയായ വനിതയെ ഒരു ജൂത സ്ത്രീയായതുകൊണ്ട് മാത്രം കൊലപ്പെടുത്തി. ഇതാണ് പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള കാലതാമസം ഒഴിവാക്കണമെന്നതിന് ഇനിയുമധികം തെളിവാവശ്യമുണ്ടോ?’ കേന്ദ്രമന്ത്രി ചോദിച്ചു. ‘ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്ന് വന്നാല്‍ അവര്‍ക്ക് അന്തസ്സായ ജീവിതമൊരുക്കാന്‍ ഇന്ത്യ ബാദ്ധ്യതപ്പെട്ടവളാണെന്ന് മഹാത്മാഗാന്ധിയാണ് പറഞ്ഞതെന്നും സ്മൃതി ഇറാനി പറഞ്ഞു.