ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ് പുതുച്ചേരി ലെഫ്. ഗവര്‍ണറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയുടെ ട്വീറ്റ്. ബഹിരാകാശ ഏജന്‍സിയായ നാസ റെക്കോഡ് ചെയ്ത സൂര്യന്റെ ശബ്ദമാണിതെന്നും സൂര്യന്‍ ‘ഓം’എന്നാണ് മന്ത്രിക്കുന്നതെന്നും അവകാശപ്പെടുന്ന വീഡിയോയാണ് അവര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ വാസ്തവമെന്തെന്ന് പരിശോധിക്കാതെയാണ് നേരത്തെ പ്രചരിച്ചിരുന്ന വീഡിയോ കിരണ്‍ ബേദിയും ട്വീറ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം.
ലെഫ്. ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെയാണ് ഐപിഎസ് കിട്ടിയതെന്നും വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണോ കിരണ്‍ ബേദിക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.