ന്യൂഡൽഹി : സാമൂഹികമാധ്യമം, വാർത്താ പോർട്ടലുകൾ, ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്നിവയെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ചട്ടത്തിനെതിരേ വിമർശനവുമായി നവമാധ്യമ പ്രവർത്തകർ. സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കത്തിലേക്കും വ്യക്തികളുടെ സ്വകാര്യതയിലേക്കും സർക്കാർ കൈകടത്തുന്നതായാണ് ആരോപണം. അതേസമയം സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്കും സോഫ്റ്റ്‌വേർ വ്യവസായ സംഘടനകളും ചട്ടങ്ങളെ സ്വാഗതം ചെയ്തു. പൊതുജനങ്ങളുമായോ ബന്ധപ്പെട്ടവരുമായോ ഒരു ചർച്ചയും നടത്താതെയാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്നാണ് ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരുടെ പരാതി. ചട്ടങ്ങളിലെ വ്യവസ്ഥകൾ രാഷ്ട്രീയ സെൻസർഷിപ്പിന് ഇടയാക്കുമെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അപാർ ഗുപ്ത ആരോപിച്ചു. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവരെയും സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നവരെയും ഇത് ബാധിക്കുമെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധ മാർഗത്തിലൂടെയാണ് ചട്ടങ്ങൾ കൊണ്ടുവന്നതെന്നും ഈ പ്രക്രിയ കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്നും മീഡിയനാമ സ്ഥാപകൻ നിഖിൽ പഹ്വ പറഞ്ഞു. ചട്ടം സംബന്ധിച്ച ഒരു ചർച്ചയും സർക്കാർ ആരുമായും നടത്തിയിട്ടില്ലെന്ന് സോഫ്റ്റ്‌വേർ ഫ്രീഡം ലാ സെന്റർ പറഞ്ഞു. ഇന്റർനെറ്റ് രംഗത്തെ നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെ കമ്പനി എന്ന നിലയിൽ സ്വാഗതം ചെയ്യുന്നതായി ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ സ്വതന്ത്രമായും സുരക്ഷിതമായും ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള ജനങ്ങളുടെ ശേഷിയോട് ഫെയ്‌സ്ബുക്ക് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. ഈ രംഗത്തെ ആശങ്കകൾ നീക്കാൻ ചട്ടങ്ങൾ പര്യാപ്തമാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) പ്രതികരിച്ചു. ക്രമപ്പെടുത്തി ഉള്ളടക്കം കാണാൻ ഉപയോക്താക്കളെ പുതിയ ചട്ടങ്ങൾ സഹായിക്കുമെന്ന് ഐ.എ.എം.എ.ഐ. അഭിപ്രായപ്പെട്ടു.