റാന്നി : നീരൊഴുക്കു തോട് കെട്ടിയടച്ച് മണ്ണുമാഫിയ സ്വകാര്യ ഭൂമിയിലേയ്ക്ക് വഴിയുണ്ടാക്കി മലയിടിച്ചു കടത്താന്‍ ശ്രമം. നാട്ടുകാരുടെ പരാതി അറിഞ്ഞു സ്ഥലത്തെത്തിയ റാന്നി തഹസില്‍ദാര്‍ തോടു പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വൈകീട്ടു നാലിന് മുമ്പായി തോടു പൂര്‍വ്വ സ്ഥിതിയിലാക്കുമെന്നാണ് മണ്ണു പെര്‍മിറ്റ് എടുത്തവര്‍ റവന്യൂ അധികൃതര്‍ക്കു ഉറപ്പുകൊടുത്തത്. ഇതു നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലമുള വില്ലേജ് ഓഫീസര്‍ക്ക് റാന്നി എല്‍.എ തഹസില്‍ദാര്‍ അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കി.
വെച്ചൂച്ചിറ നവോദയക്കു സമീപമാണ് നീരൊഴുക്കു തോട് മണ്ണിട്ടു മൂടി സ്വകാര്യ വസ്തുവിലേയ്ക്ക് വഴി വെട്ടിയത്. മണ്ണുകടത്താനായി നവോദയ-പെരുന്തേനരുവി റോഡരികിലെ താന്നിയ്ക്കാപുഴ തോടാണ് മണ്ണിട്ടുമൂടി മറുകരയിലേയ്ക്ക് വഴിയുണ്ടാക്കിയത്. വലിയ പൈപ്പ് തോട്ടിലിട്ട ശേഷം മാത്രമെ വാഹനം മറുകരയിലേയ്ക്ക് കയറ്റൂവെന്ന നാട്ടുകാര്‍ക്കു നല്‍കിയ ഉറപ്പു ലംഘിച്ചാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വലിയ ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഇതിനായി ഇവിടെ എത്തിച്ചത്.
ടോറസ് അടക്കമുള്ള ലോറികള്‍ ഇതിനു മുകളിലൂടെ കടക്കുമ്പോള്‍ പൈപ്പു തകരാന്‍ സാധ്യതയുണ്ടെന്നു കണ്ടാണ് മണ്ണിട്ടു മൂടിയതെന്നാണ് ഇവരുടെ ഭാക്ഷ്യം. വേനല്‍ മഴ പെയ്യുവാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാല്‍ തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് ഇവിടെത്തുമ്പോള്‍ താഴേയ്ക്ക് ഒഴുകാനുള്ള മാര്‍ഗമില്ലാതാകുമെന്നതാണ് നാട്ടുകാരുടെ പരാതി. അങ്ങനെ വന്നാല്‍ വെള്ളം റോഡിലൂടെ ഒഴുകുകയും ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് തകരാനും ഇതു കാരണമാവും.
താലൂക്കിലുടനീളം മണ്ണുകടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പി.ഡബ്യു.ഡി അര്‍ജന്‍റ് എന്നെഴുതി വെച്ചാണ് അധികാരികളുടെ കണ്ണുകള്‍ മണ്ണുമാഫിയ വെട്ടിക്കുന്നത്. ഇവിടെ വലിയ വാഹനം ഉപയോഗിച്ച് പെര്‍മിറ്റുള്ള മണ്ണുകടത്തുവാന്‍ ഹൈക്കോടതി ഉത്തരവും ഇവര്‍ നേടിയിട്ടുണ്ട്. എന്നാല്‍ അമിത ലോഡുമായി ടോറസ് ലോറികള്‍ പോകുമ്പോള്‍ റോഡു തകരാന്‍ ഇടയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.