25.6 C
Pathanāmthitta
Monday, May 9, 2022 2:30 am

മണ്‍ കൂനകള്‍ നീക്കം ചെയ്യുന്നതിന്റെ മറവില്‍ പമ്പയില്‍ മണല്‍ കടത്ത്

കോഴഞ്ചേരി : പമ്പയില്‍ രൂപപ്പെട്ടിട്ടുള്ള മണ്‍ കൂനകള്‍ നീക്കം ചെയ്യുന്നതിന്റെ മറവില്‍ മണല്‍ കടത്ത്. ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ മൗനാനുവാദത്തോടെ ആണ് മണല്‍ കൊള്ളയ്ക്ക് നീക്കം നടത്തിയത്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഇടപെട്ടതോടെ ജെ.സി.ബി ഉപയോഗിച്ച്‌ വാരിക്കൂട്ടിയ 100-ല്‍പരം ലോഡ് മണല്‍ നദിയിലേക്ക് തിരിച്ചിടാന്‍ തുടങ്ങി. തോട്ടപ്പുഴശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട നെടുമ്പ്രയാര്‍ സന്തോഷ് കടവിലാണ് നദി ആറടിയില്‍ അധികം കുഴിച്ച്‌ മണല്‍ മണല്‍ നീക്കം ചെയ്തത്. കേവലം രണ്ടടി മാത്രം താഴ്ച്ചയുള്ള ഈ ഭാഗത്ത് നിരവധി ആളുകള്‍ കുളിക്കാനും മറ്റും എത്താറുണ്ട്. നദിയുടെ അടിത്തട്ട് കുഴിച്ച്‌ മണ്ണെടുത്ത് മാറ്റിയതോടെ ഇവിടം അപകടമേഖലയായി മാറിക്കഴിഞ്ഞു. ചില ജനപ്രതിനിധികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം.

പമ്പാനദിയിലെ പുറ്റുകള്‍ നീക്കം ചെയ്യാനുള്ള അശാസ്ത്രീയ നീക്കം ഇറിഗേഷന്‍ വകുപ്പ് ആരംഭിച്ചിട്ട് ഏതാനും ആഴ്ച്ചകളായി. വെള്ളിയാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് സന്തോഷ് കടവിലെ മണ്‍ കൂനകള്‍ നീക്കം ചെയ്യാന്‍ എന്ന വ്യാജേനെ കരാറുകാരന്‍ ജെ.സി.ബിയുമായി എത്തിയത്. എന്നാല്‍ പുറ്റ് നീക്കം ചെയ്യുക മാത്രമായിരുന്നില്ല ലക്ഷ്യമെന്നും നദിയില്‍ രൂപപ്പെട്ട മണല്‍പ്പുറത്തുള്ള ലോഡ് കണക്കിന് മണല്‍ കൊള്ളയടിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും നാട്ടുകാര്‍ പറയുന്നു.

പകല്‍ വെളിച്ചത്തില്‍ മണ്‍ കൂനകള്‍ നീക്കം ചെയ്യുന്നതിന് പകരം വൈകീട്ട് ജോലി ആരംഭിച്ചത് രാത്രിയുടെ മറവില്‍ മണല്‍ എടുത്തു മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 150-ല്‍ പരം ലോഡ് മണലാണ് തേപ്പുമണല്‍, വാര്‍പ്പ് മണല്‍ എന്നീ രണ്ടിനങ്ങളിലായി വേര്‍തിരിച്ച്‌ സമീപമുള്ള മണല്‍പ്പുറത്ത് കൂട്ടിയിട്ടത്. വിവരമറിഞ്ഞ് പൊതു പ്രവര്‍ത്തകനായ അനിരാജ് ഐക്കര സ്ഥലത്തെത്തുകയും വിവരം വാര്‍ഡ് മെമ്പര്‍ റെന്‍സിന്‍ കെ. രാജനെ അറിയിക്കുകയും ചെയ്തു. മണല്‍ക്കൊള്ള നടത്തുന്ന വിവരം മുന്‍കൂട്ടി രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചുകൊണ്ടുള്ള നീക്കമാണ് നടന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വേനല്‍കാലമായതിനാല്‍ നദിയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അടിത്തട്ടില്‍ നിന്നും കേവലം രണ്ടടി ഉയരത്തില്‍ മാത്രമാണ് ഇവിടെ ജലം ഒഴുകുന്നത്. എന്നാല്‍ ഉദ്ദേശം ആറടിയിലധികം താഴ്ച്ചയിലാണ് കഴിഞ്ഞ ദിവസം ഖനനം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി തുടര്‍ന്നു വന്ന മണല്‍ഖനനം മൂലം പമ്പാ നദിയിലെ മണല്‍ നിക്ഷേപം പൂര്‍ണമായി എടുത്തു മാറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. എന്നാല്‍ 2018-ലെ മഹാപ്രളയ കാലത്ത് നദിയില്‍ ധാരാളം മണല്‍ ഒഴുകിയെത്തി. ചില മേഖലയില്‍ മണല്‍പുറവും തെളിഞ്ഞു വന്നു. ഈ മണല്‍ പൂര്‍ണമായും ഊറ്റിയെടുക്കാനാണ് മാഫിയ ശ്രമിച്ചത്.

യഥാര്‍ഥത്തില്‍ മണ്‍ കൂനകള്‍ സസ്യാവരണവും മാറ്റി നദിയിലെ ഒഴുക്ക് സുഗമമാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിന്റെ മറവില്‍ ആറ് വെട്ടിക്കുഴിച്ച്‌ മണല്‍ കടത്താനാണ് ശ്രമം നടന്നത്. നദിയില്‍ നിന്നും മാറ്റേണ്ട ചെളിപ്പുറ്റുകള്‍ അടയാളപ്പെടുത്തി ബെഞ്ച് മാര്‍ക്ക് നിശ്ചയിച്ച്‌ നദിയുടെ നിരപ്പില്‍ നിന്നും അധികം താഴ്ത്താതെയാണ് മണ്‍ കൂനകള്‍ നീക്കം ചെയ്യേണ്ടത്.

ഇത് മോണിട്ടറിങ് കമ്മറ്റിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തില്‍ മാത്രമേ പാടുളളൂ എന്നാണ് നിയമം. മാറ്റുന്ന ചെളിയുടെ കൃത്യമായ അളവും രേഖപ്പെടുത്തേണ്ടതുണ്ട്. അല്ലാതെയുള്ള ഏതൊരു നടപടിയും നിലവിലുള്ള സര്‍ക്കാര്‍, കോടതി നിബന്ധനകള്‍ക്ക് വിരുദ്ധമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും റവന്യൂ, ജലസേചന ഉദ്യോഗസ്ഥരും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് പമ്പയില്‍ നിന്നും മണ്‍ കൂനകള്‍ നീക്കം ചെയ്യുന്നത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular