കോന്നി : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകുന്നത് കോന്നിയിൽ അനധികൃതമായി പച്ചമണ്ണ് കടത്തുന്നവരുടെ ജോലി കൂടുതൽ എളുപ്പമാക്കി.
കഴിഞ്ഞ ദിവസമാണ് കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അനധികൃതമായി പച്ചമണ്ണ് കടത്തിയ സംഭവത്തിൽ നാല് ടിപ്പർ ലോറികൾ പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തത്. സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന വ്യാജേനയാണ് പലപ്പോഴും പച്ചമണ്ണും പാറയും മറ്റും അനധികൃതമായി കടത്തികൊണ്ടുപോകുന്നത്. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിൽ സജീവമായതിനാൽ ഇത്തരം സംഭവങ്ങൾ പിടികൂടുന്നതും ഇപ്പോൾ വളരെ കുറവാണ്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെയും റോഡ് നിർമ്മാണത്തിന്റെയും മറവിലാണ് ലോഡുകണക്കിന് പച്ചമണ്ണ് കടത്തികൊണ്ടുപോകുന്നത്. പച്ചമണ്ണ് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ വ്യക്തമായ രേഖകൾ വേണമെന്ന നിയമം നിലനിൽക്കെയാണ് ഇത്തരത്തിൽ പല സ്ഥലങ്ങളിലും മണ്ണ് കടത്തുന്നത്.
മലയോര പ്രദേശങ്ങളിലെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിൽ മണ്ണ് ശേഖരിച്ച് കടത്തുന്നതെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥർ പലപ്പോഴും ഇവിടേക്ക് തിരിഞ്ഞു നോക്കാറുപോലുമില്ല. ജില്ലക്ക് പുറത്തേക്കും ഇത്തരത്തിൽ മണ്ണ് കടത്തപ്പെടുന്നുണ്ട്. മണ്ണ് കൊണ്ടുപോകുമ്പോൾ റോഡിൽ വീഴുന്ന ചെളിയും പച്ചമണ്ണും നീക്കം ചെയ്യാറുമില്ല. തണ്ണിത്തോട്, കൊക്കാത്തോട്, കരിമാൻതോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പച്ചമണ്ണ് കടത്തിയ സംഭവത്തിൽ നിരവധി തവണ അധികൃതർ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.