തിരുവനന്തപുരം സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിൽ കെ. എസ്. ഇ. ബി. യും ടാറ്റാ സോളാർ പവറും കരാർ ഒപ്പിട്ടു. ടാറ്റാ സോളാർ പവറിന്റെ പ്രതിനിധി രവീന്ദർ സിംഗും സൗരപദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ നാസറുദ്ദീനുമാണ് കരാർ ഒപ്പുവച്ചത്.
ജൂൺ മാസം വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവർകട്ട് ഉണ്ടാവില്ലെന്നും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. കൂടംകുളം പവർ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാൽ സംസ്ഥാനത്തിന് ഈ ലൈൻ പ്രയോജനപ്പെടുത്താനാവും. പുനലൂർ തൃശൂർ പവർ ഹൈവേയിൽ 1.2 കിലോമീറ്റർ മാത്രമാണ് ഇനി കേബിളിടാനുള്ളത്. ഇടുക്കിയിൽ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.