എറണാംകുളം : “വിശ്വാസത്തിൻ്റെ അഭിമാനസാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം ” എന്ന പ്രമേയത്തിലൂന്നി സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റിൻ്റെ രണ്ടാം സംസ്ഥാന സമ്മേളനം മെയ് 21, 22 ദിവസങ്ങളിലായി എറണാംകുളത്ത് നടക്കും. മെയ് 21 ശനി കലൂർ ഇൻ്റർനാഷ്നൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സമ്മേളന നഗരിയിൽ രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. ശനി രാവിലെ മുതൽ ഞായർ ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ പതിനായിരം യുവജനപ്രതിനിധികളാണ് പങ്കെടുക്കുക.
ഫാഷിസ്റ്റ്കാല ഇന്ത്യയെ അഭിമുഖീകരിക്കാൻ ചെറുപ്പത്തെ സജ്ജമാക്കുക , ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ ശക്തിപ്പെടുത്തുക ,രാജ്യത്തും സംസ്ഥാനത്തും വർധിച്ച് വരുന്ന ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനപിന്തുണയോടെ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുക, യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് വിവിധ സെഷനുകളുടെ ഊന്നൽ. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം ചെയ്യുന്നത്.
ഞായറാഴ്ച്ച കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിൽ നടക്കുന്ന ബഹുജന പൊതുസമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന യുവജനറാലിയോടെയാണ് ആരംഭിക്കുക. നാലുമണിക്കാരംഭിക്കുന്ന ബഹുജനപൊതുസമ്മേളനം ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരിക്കും.