ചർമ്മത്തിന് വളരെ നല്ലതാണ് തേൻ. ഇതൊരു ക്ലെൻസറായി ഉപയോഗിക്കാം. അതിനായി ചെറിയ ചൂട് വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖം കഴുകാൻ ഉപയോഗിക്കാം. മുഖത്ത് അഴുക്കും മറ്റും പൊടി പടലങ്ങളും മാറ്റാൻ വളരെ നല്ലതാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. നല്ല തിളക്കമുള്ള ചർമ്മത്തിന് ഈ ക്ലെൻസർ ഏറെ സഹായിക്കും. തേൻ ഉപയോഗിച്ചുള്ള മാസ്കുകൾ ചർമ്മത്തിന് വളരെ നല്ലതാണ്. വെറുതെ തേൻ എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖക്കുരു കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഇത് ഏറെ സഹായിക്കും. നല്ല തേൻ വേണം ഇതിനായി ഉപയോഗിക്കാൻ. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുന്നത് പല ഗുണങ്ങളും നൽകും.
ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവൻ നൽകാൻ തേൻ വളരെ മികച്ചതാണ്. തേൻ ഉപയോഗിച്ചുള്ള സ്ക്രബുകൾ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളുമൊക്കെ തടയാൻ സഹായിക്കും. ഇതിനായി പഞ്ചസാരയ്ക്കൊപ്പമോ അല്ലെങ്കിൽ ഓട്സിന് ഒപ്പമോ തേൻ ചേർത്ത് മുഖം നന്നായി സ്ക്രബ് ചെയ്യുക. നാച്യുറൽ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഇത് വളരെയധികം സഹായിക്കും. കേൾക്കുമ്പോൾ പലർക്കും കൗതുകം തോന്നുമെങ്കിൽ കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപ്പം തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനും കൂടുതൽ ഭംഗി നൽകാൻ ഇത് സഹായിക്കും. ചർമ്മത്തിനെ കൂടുതൽ മൃദുവാക്കാനും അതുപോലെ ആവശ്യത്തിന് മോയ്ചറൈസ് ചെയ്യാൻ തേൻ വളരെയധികം സഹായിക്കും.