ന്യൂഡല്‍ഹി: ആശ്രിത നിയമനത്തില്‍ ജോലി ലഭിക്കാന്‍ പിതാവിനെ കൊലപ്പെടുത്തി തൊഴില്‍ രഹിതനായ 35 കാരന്‍. ഝാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ബര്‍ക്കകനയിലാണ് സംഭവം.
55 കാരനായ കൃഷ്ണ റാം ബാര്‍ക്കകനയിലെ പൊതുമേഖല സ്ഥാപനമയ സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിലാണ് ജോലി ചെയ്തിരുന്നത്. കൃഷ്ണയെ വ്യാഴാഴ്ച കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ കൃഷ്ണയുടെ മകന്‍ 35കാരനായ റാം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കൃഷ്ണയുടെ ജോലി ലഭിക്കാന്‍ വേണ്ടിയാണ് മകന്‍ കൊലപാതകം നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥനായ പ്രകാശ് ചന്ദ്ര മഹ്തോ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും റാമിന്റെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. പോലീസ് ചോദ്യം ചെയ്യലില്‍ സി.സി.എല്ലിലെ പിതാവിന്റെ ജോലി മൂത്തമകനായ തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് റാം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സി.സി.എല്ലില്‍ ജോലിയിലിരിക്കേ തൊഴിലാളി മരിച്ചാല്‍ അവരെ ആശ്രയിച്ച് കഴിയുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ ജോലി ലഭിക്കുമെന്നാണ് വ്യവസ്ഥയെന്ന് പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.