പത്തനംതിട്ട : സമ്പര്‍ക്കം കാരണം കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകാതെ സൂക്ഷ്മത പാലിക്കുകയാണ് വേണ്ടതെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍. ഒരാളില്‍നിന്നും അയാളുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകളിലേക്ക് സമ്പര്‍ക്കം കാരണം രോഗബാധയേറുന്നു. വ്യക്തികള്‍ തമ്മില്‍ ആറടി ദൂരം പാലിച്ചു ഇടപഴകുകയും ശുചിത്വമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും അനുസരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രോഗത്തെ പടിക്കുപുറത്തു നിര്‍ത്താന്‍ സാധിക്കൂ. ക്വാറന്റീന്‍ ലംഘിച്ചു ആരും പുറത്തുകടക്കരുത്. ആവശ്യങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് തുടങ്ങിയവരുടെ സഹായം തേടാവുന്നതാണ്.
ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്തു ജനങ്ങള്‍ ജാഗരൂകരായി നിലകൊള്ളണമെന്നും സാമൂഹ്യമാധ്യങ്ങളിലൂടെ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇന്നലെവരെ ജില്ലയില്‍ ലംഘനങ്ങള്‍ക്കു ആകെ 18349 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 19089 പേരെ അറസ്റ്റ് ചെയ്യുകയും, 14175 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.