ന്യൂഡല്‍ഹി: പ്രത്യേക പദവി വേണമെന്ന ബിഹാറിന്റെയും ആന്ധ്രാപ്രദേശിന്റെയും ആവശ്യങ്ങളോട് മുഖംതിരിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വി.ഐ.പി പരിഗണന. ബജറ്റില്‍ വന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് 26,000 കോടി രൂപയാണ്. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കുമെന്നാണ് ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതകള്‍ക്ക് കോടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ 2,400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന-അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേകാ സാമ്പത്തിക പാക്കേജ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അമൃത്സര്‍-കൊല്‍ക്കത്ത, ഹൈദരാബാദ്-ബംഗളൂരു വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസം പദ്ധതികളിലും ബിഹാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ നളന്ദ സർവകലാശാലയ്ക്ക് കൂടുതൽ സഹായം നല്‍കും. വെള്ളപ്പൊക്കം നിയന്ത്രിക്കാനും ജലസേചന പദ്ധതികൾക്കുമായും സംസ്ഥാനത്തിനു പ്രത്യേക സാമ്പത്തിക സഹായം വകയിരുത്തിയിട്ടുണ്ട്. ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ പുനർനിർമിക്കാൻ സഹായം നല്‍കും. ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. പുതിയ തലസ്ഥാനമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപ ആന്ധ്രയ്ക്ക് നല്‍കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നും നിര്‍മല പറഞ്ഞു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴി ബിഹാറിന്റെ വികസനത്തിനു വഴിതുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. ബിഹാറിലെ ഗയയിലെ വ്യാവസായിക വികസനത്തിന് ഇതു സഹായമാകും. പാട്‌ന-പൂര്‍ണിയ, ബക്‌സര്‍-ഭഗല്‍പൂര്‍, ബോധ്ഗയ-രാജ്ഗീര്‍-വൈശാലി-ധര്‍ഭാംഗ ദേശീയ പാതകളുടെ വികസനത്തിനായി കൂടുതല്‍ സഹായം അനുവദിക്കും. ബക്‌സറില്‍ ഗംഗയിലൂടെ രണ്ടുവരിപ്പാത കൂടി നിര്‍മിക്കും. ഇതിനെല്ലാമായി 26,000 കോടി രൂപ അനുവദിച്ചിരിക്കുകയാണെന്നും നിര്‍മല പ്രഖ്യാപിച്ചു.