മോസ്കോ: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന് സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ഈ മാസം ഇന്ത്യയിലെത്തും. വാക്സിന്റെ നിര്‍മ്മാണം ആരംഭിച്ചെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ്മ പറഞ്ഞു. മേയ് മാസത്തില്‍ വാക്സിന്റെ നിര്‍മ്മാണം വര്‍ധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിന് നിര്‍മ്മിക്കുമെന്നാണ് വേങ്കിടേഷ് അറിയിച്ചത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്. ഈ വാക്സിന് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.
റഷ്യയില്‍ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സിന് ഇന്ത്യ ഇറക്കുമതി ചെയ്യുക. റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്നിക് 5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഡോ റെഡ്ഡീസ് ലാബോറട്ടറീസാണ് നിര്‍മ്മിക്കുന്നത്. 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിന് അവകാശപ്പെടുന്നത്.