തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കും ദര്‍ശന അനുമതി. രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 6 വരെയുമായിരിക്കും ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം.
ഒരു സമയം 35 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓരോ പത്ത് മിനിറ്റിലും പ്രവേശനം നല്‍കും. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി തിരുനടയില്‍ ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ര നാലമ്പലത്തിനുള്ളിലും പ്രവേശനം ഉണ്ടായിരിക്കില്ല.
ദര്‍ശനം ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ഒരു ദിവസം മുമ്പെങ്കിലും ക്ഷേത്ര വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അതിന്റെ പ്രിന്റ് ഔട്ടും ആധാര്‍ കാര്‍ഡും ദര്‍ശനത്തിന് ഹാജരാക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം പ്രവേശനം നല്‍കും. എന്നാല്‍ അതാത് ദിവസത്തെ നിശ്ചിത എണ്ണത്തിലും കുറവാണ് രജിസ്ട്രേഷന്‍ എങ്കില്‍ ഈ ദിവസങ്ങളില്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്കും അവസരം ലഭിക്കും.
കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്നാണ് രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടകൂട്ടത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചത്. പിന്നാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും തലസ്ഥാന ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു.