കണ്ണൂര്‍ : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മരണപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ അഴിമതികള്‍ കാര്യമാക്കാതെ സ്മാരകം പണിയുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയ സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
വ്യക്തികളുടെ ഗുണവശങ്ങള്‍ മാത്രം പരിഗണിച്ചാണ് അവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും ദോഷവശങ്ങള്‍ പൊതുവെ പരിഗണിക്കപ്പെടാറില്ലെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാള്‍ എന്ന നിലയ്ക്കാണ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ലെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.
സമൂഹത്തോടു കരുതല്‍ കാണിക്കുകയും സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി.കെ. കുഞ്ഞനന്തന്‍ എന്നു മുഖ്യമന്ത്രി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് ശ്രീജിത്ത് വ്യക്തമാക്കി. അതിനാല്‍ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ പി.കെ. കുഞ്ഞനന്തനും ഒരു സ്മാരകം നിര്‍മ്മിക്കാമായിരുന്നു എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
സ്വാഭാവികമായും വ്യക്തികളുടെ ഗുണവശങ്ങള്‍ മാത്രം പരിഗണിച്ചാണ് അവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ദോഷവശങ്ങള്‍ പൊതുവെ പരിഗണിക്കപ്പെടാറില്ല.
സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാള്‍ എന്ന നിലയ്ക്കാണ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം വരുന്നത്. അദ്ദേഹം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ല.
സമൂഹത്തോടു കരുതല്‍ കാണിക്കുകയും, സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി കെ കുഞ്ഞനന്തന്‍ എന്നു മുഖ്യമന്ത്രി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ അദ്ദേഹത്തിനും ഒരു സ്മാരകം നിര്‍മ്മിക്കാമായിരുന്നു.