തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി കുഞ്ഞിക്കണ്ണന്മാരുമെത്തും. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം പകരുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഭക്ത മനസുകളില്‍ നിറയുക. ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചതെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ സംഘടനയായ ബാലഗോകുലം തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന മഹാശോഭയാത്ര ഇന്ന് നടക്കും. വൈകിട്ട് 4ഓടെ കോർപറേഷൻ ഓഫീസ് ഗേറ്റ്, മാസ്കോട്ട് ഹോട്ടൽ ജംഗ്ഷൻ,വികാസ് ഭവൻ ഗേറ്റ്,ഹനുമാൻ ക്ഷേത്ര നട,നന്ദാവനം ജംഗ്ഷൻ,റിസർവ് ബാങ്ക് സർക്കിൾ,ജൂബിലി ഹോസ്പിറ്റൻ ജംഗ്ഷൻ,യൂണിവേഴ്സിറ്റി സർക്കിൾ തുടങ്ങി എട്ട് സ്ഥലങ്ങളിൽ നിന്നാണ് മഹാശോഭയാത്ര ആരംഭിക്കുക. പാളയത്ത് ഗണപതിക്ഷേത്ര നടയിൽ സംഗമിച്ച ശേഷം എട്ട് ശോഭായാത്രകളും ഒന്നിച്ച് നഗരഹൃദയത്തിലൂടെ ഒഴുകും. തുടർന്ന് സ്റ്റാച്യു,ആയുർവേദകോളേജ് ജംഗ്ഷൻ,തമ്പാനൂർ ഓവർബ്രിഡ്ജ്,പഴവങ്ങാടി ഗണപതി ക്ഷേത്രനട എന്നിവിടങ്ങളിലൂടെ നീങ്ങി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
തുടർന്ന് ആഘോഷപരിപാടികൾക്ക് സമാപ്തി കുറിച്ച് മഹാ ആരതി നടക്കും. സമാപന ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ കെ.എൻ. സജികുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. തുടർന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയ അവൽ പൊതിയും ഉണ്ണിയപ്പവും കുട്ടികൾക്ക് പ്രസാദമായി നൽകും. കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കില്‍ മറ്റിടങ്ങളില്‍ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാള്‍ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പുല്ലാങ്കുഴല്‍ നാദവും മയില്‍പ്പീലിയുടെ മനോഹാരിതയുമൊക്കെയായി ശോഭായാത്രയില്‍ കുസൃതികളുമായി ഉണ്ണിക്കണ്ണന്മാരും കുഞ്ഞു രാധമാരും നിറയുന്ന ദിവസം കൂടിയാണിത്.
































