തിരുവനന്തപുരം : എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ വിചാരണയ്ക്കായി ഹാജരാകാന്‍ ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് കോടതി നോട്ടീസ് നല്‍കി. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.സനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. പരീക്ഷാഭവന് വേണ്ടി എസ്‌എസ്‌എല്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് അച്ചടിച്ചതിലെ അഴിമതിയാണ് സിബിഐ അന്വേഷിച്ചത്. നാളെയാണ് വി.പി ജോയ് വിചാരണയ്ക്കായി ഹാജരാകേണ്ടത്.
2002-04 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍, നിലവിലില്ലാത്ത അച്ചടിശാലയ്ക്ക് സര്‍ക്കാര്‍ അംഗീകരിച്ചതിനെക്കാള്‍ 1.33 കോടിയിലേറെ രൂപ അനധികൃതമായി നല്‍കിയെന്നു കണ്ടെത്തിയിരുന്നു. 2005 ലെ എസ്‌എസ്‌എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ചയായിരുന്നു സിബിഐ ആദ്യം അന്വേഷിച്ചത്. ഇതോടൊപ്പം ചോദ്യക്കടലാസ് അച്ചടിയും അന്വേഷിച്ചു. 2002 ല്‍ പരീക്ഷ കമ്മിഷണറായിരുന്ന ലിഡാ ജേക്കബിനെയും മുന്‍പ് ഇതേ കേസില്‍ കോടതി വിസ്തരിച്ചിരുന്നു. പ്രിന്റിങ് കമ്പനി ഉടമ ഉള്‍പ്പെടെ 7 പേരാണ് കേസിലെ പ്രതികള്‍. സംഭവം നടക്കുമ്പോള്‍ പരീക്ഷ കമ്മിഷണറായിരുന്ന വി.പി ജോയ് കേസിലെ സാക്ഷിയാണ്.