കൊച്ചി : ഹൈക്കോടതി ജഡ്ജിക്കെതിരായ വിമർശനത്തിൽ കോടതിയലക്ഷ്യ നടപടികൾ പുരോഗമിക്കവേ പറഞ്ഞതിൽ ഉറച്ച് കെ സുധാകരൻ എംപി. പറയാൻ പറ്റാത്ത വാക്കുകളൊന്നും താൻ പറഞ്ഞിട്ടില്ലെന്നും മ്ലേച്ഛം എന്നാണ് പറഞ്ഞതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷിക്കാൻ വകുപ്പില്ലെന്നാണ് പൂർണ വിശ്വാസം. പറഞ്ഞത് വിധിയെ ആണ്. ജഡ്ജിയെ അല്ല. എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിടെ ഞെക്കി കൊല്ലുന്നതായിരുന്നു ആ വിധി. അത്തരം സമീപനം ജഡ്ജിമാർക്ക് ഉചിതമല്ലെന്നും സുധാകരൻ പ്രതികരിച്ചു.
ഷുഹൈബ് വധകേസിൽ ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിലാണ് കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.