തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പരിശോധനയില്‍ സംസ്ഥാനത്തിന് 11ാം സ്ഥാനം മാത്രമാണ്. പരിശോധനാഫലം വരാന്‍ ഏഴ് ദിവസം താമസിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
സമൂഹവ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ആശുപത്രി സംവിധാനം വര്‍ധിപ്പിക്കുകയെന്നതായിരുന്നു സര്‍ക്കാറിന്റെ പ്ലാന്‍ ബി. ഏറ്റവും കുറഞ്ഞത് 5000 വെന്‍റിലേറ്ററെങ്കിലും വേണമെന്ന് താന്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടതായിരുന്നു. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ചികിത്സാ നിരക്ക് പ്രഖ്യാപിച്ച് ആളുകള്‍ക്ക് സൗകര്യമൊരുക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടതാണ്. അത് ഏറെ താമസിച്ചാണ് നടപ്പിലാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ ജില്ലകളിലും ഫസ്റ്റ്ലൈന് ട്രീറ്റ്മന്റ് സന്റെര്‍ തുടങ്ങുകയെന്നതായിരുന്നു പ്ലാന്‍ സിയില്‍ പറഞ്ഞത്. എന്നാല്‍ രോഗികള്‍ ഇനി വീടുകളില്‍ ക്വാറന്‍റീനിലിരുന്നാല്‍ മതി എന്നതാണ് ഇപ്പോള്‍ വന്ന ഉത്തരവ്. രോഗ ലക്ഷണമുള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ വീടുകളില്‍ തന്നെ താമസിച്ചാല്‍ മതിയെന്നതാണ് തിരുവനന്തപുരം കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പറഞ്ഞ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്നും കോവിഡ് ചികിത്സയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.