കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. സൂപ്രണ്ടിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ തിരുവനന്തപുരത്ത് മന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചതോടെ സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തി.
വീണ ജോർജിന്റെ പത്തനംതിട്ടയിലെ എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ അപകടം നടന്ന സ്ഥലത്ത് പ്രതിഷേധക്കാർ അപകട മേഖല എന്ന് ബോർഡ് സ്ഥാപിച്ചു. മലപ്പുറത്തും പാലക്കാടും തിരുവനന്തപുരത്തും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. പാലക്കാട് മന്ത്രി വീണ ജോർജിൻ്റെ കോലം കത്തിച്ചു. മലപ്പുറത്തും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. മന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്.
അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനിടെ കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ച് മടങ്ങുന്ന മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് പ്രതിഷേധം നടക്കുന്നത്. ബിന്ദുവിന്റെ പോസ്റ്റ് മോർട്ടം അൽപസമയത്തിനകം പൂർത്തിയാകും. മൃതദേഹം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോകില്ല. മുട്ടച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. സംസ്കാരം നാളെ നടക്കും.