ആലപ്പുഴ : അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റു. നീര് വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. പുതുവൽ സ്വദേശി വൈശാഖാണ് കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. എന്തിനാണ് കുട്ടിയെ ഇങ്ങനെ ക്രൂരമായി മർദ്ദിച്ചതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരമില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അനുസരണക്കേട് കാണിച്ചതിനാണ് എന്ന് മാത്രമാണ് കരച്ചിലിനിടയിൽ അമ്മ പറഞ്ഞത്. അടിക്കല്ലേ എന്ന് താൻ അപേക്ഷിച്ചെങ്കിലും അത് കേൾക്കാതെയായിരുന്നു മര്‍ദ്ദനമെന്നും അമ്മ നാട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ ദേഹമാസകലം അടികൊണ്ട് നീര് വന്നിട്ടുണ്ട്. മുഖത്തും അടിയേറ്റ പാടുകളുണ്ട്. കുട്ടിക്ക് നടക്കാനും ബുദ്ധിമുട്ടുണ്ട്.
വൈശാഖിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് ഇയാളെ ആദ്യം പിടികൂടിയത്. ഇവരിൽ ചിലർ മർദ്ദിച്ചതോടെ പ്രതി കടലിലേക്ക് എടുത്ത് ചാടി. ഇയാളെ നാട്ടുകാർ തന്നെ കരയിലെത്തിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.