കോന്നി : കോന്നിക്ക് പിന്നാലെ അരുവാപ്പുലത്തും തെരുവ് നായ ആക്രമണം. അരുവാപ്പുലം കണ്ടത്തിന്‍കര മേലേതില്‍ അംബിക, അരുവാപ്പുലം പതാലില്‍ വീട്ടില്‍ ദേവരാജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ദേവരാജിനെ അരുവാപ്പുലം പുളിഞ്ചാണിമുക്കില്‍ വെച്ചും അംബികയെ കുരുടന്‍മുക്കില്‍ വെച്ചുമാണ് നായ ആക്രമിച്ചത്. കുരുടന്‍മുക്കിലെ കടയില്‍ കയറിയാണ് നായ അംബികയെ കടിച്ചത്. ഇരുവരെയും കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോന്നി നഗരത്തിലും തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് അഞ്ചില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് കോന്നി, അരുവാപ്പുലം പഞ്ചായത്തുകളില്‍ തെരുവ് നായ ആക്രമണം നടക്കുന്നത്. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കോന്നി അരുവാപ്പുലം പഞ്ചായത്തുകളില്‍ കാലങ്ങളായി തുടരുന്ന തെരുവ് നായ ശല്യത്തിന് എതിരെ അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് വ്യാപക പരാതി ഉയരുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ തെരുവ് നായകള്‍ ഭീഷണിയായി മാറുകയാണ്. പഞ്ചായത്തുകളില്‍ കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്തതും തെരുവ് നായ ശല്യം വര്‍ധിപ്പിക്കുന്നു.



























